Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Bhagyaraj

ഗു​രു​വി​നെ അ​നു​ഗ​മി​ച്ചു ശി​ഷ്യ​നും...

ഭാ​ര​തി​രാ​ജ വി​ട​പ​റ​ഞ്ഞു ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട​തേ​യു​ള്ളൂ, അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രി​യ​ശി​ഷ്യ​ൻ ഭാ​ഗ്യ​രാ​ജും ഇ​പ്പോ​ളി​താ ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന റീ​ലും പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യി​രി​ക്കു​ന്നു. ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്നു ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സി​നി​മ​യ്ക്ക്, പ്ര​ത്യേ​കി​ച്ചു ത​മി​ഴ് സി​നി​മ​യ്ക്കു ന​ഷ്ട​മാ​യ​ത് ര​ണ്ടു ഇ​തി​ഹാ​സ​ങ്ങ​ളെ.

കൂ​റ്റ​ൻ​സെ​റ്റു​ക​ളി​ൽ മ​ണി​മാ​ളി​ക​ക​ളും ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ആ​ട​യാ​ഭ​ര​ണ​ങ്ങ​ളും നെ​ടു​ങ്ക​ൻ​സം​ഭാ​ഷ​ണ​ങ്ങ​ളും​കൊ​ണ്ട് ത​മി​ഴ് സി​നി​മ വെ​ള്ളി​ത്തി​ര​യി​ൽ മാ​യ​ക്കാ​ഴ്ച​ക​ൾ സൃ​ഷ്ടി​ച്ചി​രു​ന്ന കാ​ല​ത്താ​ണ് ഭാ​ര​തി​രാ​ജ കാ​മ​റ ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു തി​രി​ച്ചു​വ​യ്ക്കു​ന്ന​ത്. തി​ര​ശീ​ല​യി​ൽ വീ​ര​പാ​ണ്ഡ്യ ക​ട്ട​ബൊ​മ്മ​നാ​യി​രു​ന്ന ന​ടി​ക​ർ​തി​ല​കം ശി​വാ​ജി ഗ​ണേ​ശ​നാ​ണ് ഒ​രു വി​ഗ്ഗു​വ​യ്ക്കാ​ൻ​പോ​ലും അ​വ​കാ​ശ​മി​ല്ലാ​തെ, ഒ​രു തോ​ർ​ത്തും തോ​ള​ത്തി​ട്ടു പ​ച്ച​ത്ത​മി​ഴ​നാ​യി ‘മു​ത​ൽ​മ​ര്യാ​ദ’​യി​ൽ ജീ​വി​ച്ച​ത്. അ​ങ്ങ​നെ​യു​ള്ള ഭാ​ര​തി​രാ​ജ​യു​ടെ സം​വി​ധാ​ന​സ​ഹാ​യി​യാ​യാ​ണ് കെ. ​ഭാ​ഗ്യ​രാ​ജി​ന്‍റെ തു​ട​ക്കം.

‌16 വ​യ​തി​നി​ലെ, കി​ഴ​ക്കേ​പോ​കും റെ​യി​ൽ, സി​ഗ​പ്പു​റോ​ജാ​ക്ക​ൾ, ടി​ക് ടി​ക് ടി​ക് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ സം​വി​ധാ​ന​സ​ഹാ​യി എ​ന്നു​മാ​ത്ര​മ​ല്ല, സം​ഭാ​ഷ​ണ​ര​ച​യി​താ​വ്, തി​ര​ക്ക​ഥാ​കൃ​ത്ത്, ചെ​റു​വേ​ഷ അ​ഭി​നേ​താ​വ് എ​ന്ന നി​ല​ക​ളി​ലെ​ല്ലാം ഭാ​ഗ്യ​രാ​ജ് നി​റ​ഞ്ഞു​നി​ന്നു. അ​ന്നു​മി​ന്നും പ​ഞ്ച് ഡ​യ​ലോ​ഗി​ന്‍റെ​യും ആ​ക്‌​ഷ​ന്‍റെ​യും ച​ക്ര​വ​ർ​ത്തി സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നീ​കാ​ന്തി​ന്‍റെ ആ​ദ്യ പ​ഞ്ച് ഡ​യ​ലോ​ഗ് ജ​നി​ക്കു​ന്ന​ത് ‘16 വ​യ​തി​നി​ലെ’ എ​ന്ന ചി​ത്ര​ത്തി​ലെ പ​ര​ട്ടൈ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ’ഇ​തെ​പ്പി​ടി​യി​രു​ക്ക്’ എ​ന്ന വാ​ക്കി​ലൂ​ടെ​യാ​ണ്. സാ​ധാ​ര​ണ​മാ​യി ആ ​വാ​ക്കു​പ​റ​ഞ്ഞ ത​ന്നെ​ക്കൊ​ണ്ട്, ആ ​വാ​ക്കു പ​റ​യു​ന്ന​തി​ന്‍റെ സ്റ്റൈ​ലും കൈ​കൊ​ണ്ടു​ള്ള ആ​ക്‌​ഷ​നും കാ​ണി​ച്ചു​ത​ന്നു ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത് അ​ന്നു സം​വി​ധാ​ന​സ​ഹാ​യി​യാ​യി​രു​ന്ന ഭാ​ഗ്യ​രാ​ജാ​ണെ​ന്നു ര​ജ​നി​കാ​ന്ത് പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഭാ​ര​തി​രാ​ജ ത​ന്നെ​യാ​ണ് ’പു​തി​യ വാ​ർ​പ്പു​ക​ളി’​ലൂ​ടെ ഭാ​ഗ്യ​രാ​ജി​നെ നാ​യ​ക​നാ​ക്കി​യ​ത്. ര​സ​ക​ര​മാ​യൊ​രു ക​ഥ​യു​ണ്ട്: സം​വി​ധാ​ന​സ​ഹാ​യി​യാ​യി ന​ട​ക്കു​മ്പോ​ൾ ഭാ​ഗ്യ​രാ​ജി​നോ​ടു അ​മ്മ ചോ​ദി​ച്ചു​വ​ത്രെ, നീ ​എ​പ്പോ​ഴാ നാ​യ​ക​നാ​കു​ന്ന​ത്? ത​ന്‍റെ സി​നി​മ​ക​ളി​ലെ ഡ​യ​ലോ​ഗു​പോ​ലെ ഭാ​ഗ്യ​രാ​ജി​ന്‍റെ മ​റു​പ​ടി ര​സ​ക​ര​മാ​യി​രു​ന്നു, "കാ​ക്ക​യ്ക്കും ത​ൻ​കു​ഞ്ഞ് പൊ​ൻ​കു​ഞ്ഞ്, അ​മ്മ​യ്ക്ക് എ​ന്നെ കാ​ണു​മ്പോ​ൾ ഭം​ഗി തോ​ന്നു​ന്നു​ണ്ടാ​വും, മ​റ്റു​ള്ളോ​ർ​ക്കു പ​ക്ഷേ, അ​തു തോ​ന്നി​ല്ല'. അ​തി​ന് അ​മ്മ പ​റ​ഞ്ഞ മ​റു​പ​ടി പി​ന്നീ​ട് ഫ​ലി​ച്ചു, നി​ന്‍റെ സാ​റു​ത​ന്നെ നി​ന്നെ നാ​യ​ക​നാ​ക്കും. ക​മ​ൽ​ഹാ​സ​ന്‍റെ ഭാ​ഷ​യി​ൽ, ത​മി​ഴ് സി​നി​മ പി​ന്നീ​ട് ഭ​രി​ക്കാ​ൻ​വ​ന്ന ഒ​രു​പ​റ്റം "രാ​ജാ​ക്ക​ന്മാ​രു​ടെ' തു​ട​ക്ക​കാ​ല​മാ​യി​രു​ന്നു അ​ത്. ഭാ​ര​തി​രാ​ജ, ഭാ​ഗ്യ രാ​ജ, ഇ​ള​യ​രാ​ജ. ഒ​പ്പം ഞാ​നും ര​ജ​നി​യും.

ഗു​രു ത​മി​ഴ് ഗ്രാ​മ​ങ്ങ​ളെ തി​ര​ശീ​ല​യി​ലേ​ക്കു പ​റി​ച്ചു​ന​ട്ടെ​ങ്കി​ൽ ശി​ഷ്യ​ൻ ഒ​രു പ​ടി​കൂ​ടി ക​ട​ന്നു കാ​മ​റ​യെ​ടു​ത്തു നാ​ട്ടി​ലെ വീ​ടു​ക​ൾ​ക്കു​ള്ളി​ൽ കൊ​ണ്ടു​വ​ച്ചു. ഇ​ട​ത്ത​രം കു​ടും​ബ​ങ്ങ​ളി​ലെ സാ​ധാ​ര​ണ വി​ഷ​യ​ങ്ങ​ൾ വെ​ള്ളി​ത്തി​ര​യി​ൽ പ​തി​ഞ്ഞു. അ​തു​കൊ​ണ്ടു​ത​ന്നെ ത​മി​ഴി​നു പു​റ​ത്തു​ള്ള ഭാ​ഷ​ക​ളി​ലും ഭാ​ഗ്യ​രാ​ജി​ന്‍റെ ചി​ത്ര​ങ്ങ​ൾ വി​ജ​യി​ക്കാ​ൻ തു​ട​ങ്ങി; പ്ര​ത്യേ​കി​ച്ചു മ​ല​യാ​ള​ത്തി​ൽ. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​തം, സ്വ​പ്ന​ങ്ങ​ൾ, കു​ടും​ബം എ​ല്ലാം മ​ല​യാ​ള​ത്തി​ന്‍റെ​യു​മാ​ണ​ല്ലോ. ഇ​തേ​ശൈ​ലി​യി​ൽ ചി​ത്ര​ങ്ങ​ളൊ​രു​ക്കി​യ ബാ​ല​ച​ന്ദ്ര​മേ​നോ​നും ഭാ​ഗ്യ​രാ​ജും ഒ​രേ​കാ​ല​ത്തു ഒ​രു നാ​ണ​യ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളാ​യി. ത​മി​ഴി​നെ​പ്പോ​ലെ ഭാ​ഗ്യ​രാ​ജ് മ​ല​യാ​ള​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന വ​ള​രെ വ​ലു​താ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ടി​മാ​രാ​യ ഉ​ർ​വ​ശി, ക​ല്പ​ന തു​ട​ങ്ങി​യ​വ​രെ സി​നി​മ​യി​ൽ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​തു ഭാ​ഗ്യ​രാ​ജാ​ണ്. ഉ​ർ​വ​ശി നാ​യി​ക​യാ​യ "മു​ന്താ​ണൈ മു​ടി​ച്ച്' ത​മി​ഴി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ഹി​റ്റു​ക​ളി​ലൊ​ന്നാ​ണ്. സാ​ക്ഷാ​ൽ മ​ക്ക​ൾ​തി​ല​കം എം​ജി​ആ​ർ കാ​സ​റ്റ് വാ​ങ്ങി​വ​ച്ച്, ഇ​ട​യ്ക്കി​ടെ ക​ണ്ടി​രു​ന്ന ചി​ത്ര​മാ​യി​രു​ന്നു അ​ത്. ത​ന്‍റെ വീ​ട്ടു​കാ​ർ സ്ഥി​രം ഈ ​സി​നി​മ തി​യ​റ്റ​റി​ൽ​പോ​യി കാ​ണു​ന്ന​തി​ൽ ശി​വാ​ജി ഗ​ണേ​ശ​ൻ ദേ​ഷ്യ​പ്പെ​ട്ട ക​ഥ ഭാ​ഗ്യ​രാ​ജി​നോ​ടു​പ റ​ഞ്ഞ​തു ശി​വാ​ജി ത​ന്നെ​യാ​യി​രു​ന്നു.

എം​ജി​ആ​റി​ന്‍റെ ഇ​ഷ്ടം​നേ​ടാ​നാ​യ അ​പൂ​ർ​വം സി​നി​മാ​ക്കാ​രി​ലൊ​രാ​ളാ​യി​രു​ന്നു ഭാ​ഗ്യ​രാ​ജ്. ത​ന്‍റെ ക​ലാ​ജീ​വി​ത​ത്തി​ന്‍റെ അ​ന​ന്ത​രാ​വ​കാ​ശി​യാ​യി അ​ദ്ദേ​ഹം ഭാ​ഗ്യ​രാ​ജി​നെ പ്ര​ഖ്യാ​പി​ച്ചു. അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​പ്പോ​ൾ പ​ക​രം നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു പോ​യി​രു​ന്ന​തു ഭാ​ഗ്യ​രാ​ജാ​ണ്. അ​തു​പോ​ലെ ശി​വാ​ജി​യും ഭാ​ഗ്യ​രാ​ജി​നൊ​പ്പം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​യ​ന​യി​ച്ചു. സ്ക്രി​പ്റ്റോ, സം​ഭാ​ഷ​ണ​മോ ഇ​ല്ലാ​തെ അ​പ്പ​പ്പോ​ൾ സൃ​ഷ്ടി​ച്ചു സീ​നു​ക​ൾ ഷൂ​ട്ട്ചെ​യ്യു​ന്ന ഭാ​ഗ്യ​രാ​ജി​ന്‍റെ ശൈ​ലി​യി​ൽ ശി​വാ​ജി അ​ദ്ഭു​ത​പ്പെ​ട്ടു. ഗു​രു​വി​ന്‍റെ മു​ത​ൽ​മ​ര്യാ​ദ​യി​ൽ ഒ​രു മു​ന്ന​റി​യി​പ്പ് ഇ​ല്ലാ​തെ​യാ​ണ് സീ​നു​ക​ൾ എ​ടു​ക്കാ​റെ​ങ്കി​ലും പേ​രി​നെ​ങ്കി​ലും ഒ​രു സ്ക്രി​പ്റ്റ് ഉ​ണ്ടാ​യി​രു​ന്നു, പ​ക്ഷേ ശി​ഷ്യ​ന്‍റെ സെ​റ്റി​ൽ ഒ​രു പേ​പ്പ​റു​പോ​ലും കാ​ണാ​നി​ല്ല എ​ന്നാ​യി​രു​ന്നു ശി​വാ​ജി പ​റ​യാ​റു​ള്ള​ത്. ര​ജ​നി ത​ന്‍റെ ചി​ത്ര​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലും സം​ശ​യം ഉ​ണ്ടാ​യാ​ൽ അ​തു പ​രി​ഹ​രി​ക്കാ​ൻ ഭാ​ഗ്യ​രാ​ജി​നെ വി​ളി​ച്ചു​ചോ​ദി​ക്കാ​റു​ണ്ടെ​ന്ന കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സി​നി​മ​യി​ൽ ക​ഥ​യും സീ​നും ഗാ​ന​രം​ഗ​ങ്ങ​ളും​പോ​ലും സൃ​ഷ്ടി​ക്കാ​റു​ള്ള ഇ​ള​യ​രാ​ജ താ​ൻ സ്ക്രി​പ്റ്റ് വാ​യി​ച്ചു അ​ദ്ഭു​ത​പ്പെ​ടാ​റു​ള്ള ര​ണ്ടു​പേ​രി​ലൊ​രാ​ൾ ഭാ​ഗ്യ​രാ​ജാ​ണെ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്.

ത​ന്‍റെ ചി​ത്ര​ങ്ങ​ളി​ലെ നാ​യ​ക​ന്മാ​രെ​പ്പോ​ലെ തി​ക​ച്ചും സാ​ധാ​ര​ണ​മാ​യ ജീ​വി​തം ന​യി​ച്ചു​തീ​രാ​ത്ത മ​ഹാ പ്ര​തി​ഭ​യാ​യി​രു​ന്നു ഭാ​ഗ്യ​രാ​ജ്. സി​നി​മ​യു​ടെ ആ​ല​ഭാ​ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ ഒ​ട്ടും ബാ​ധി​ച്ചി​രു​ന്നി​ല്ല. അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ആ​ദ്യ​ഭാ​ര്യ​യു​ടെ പേ​രി​നെ പ്ര​തീ​ക​മാ​ക്കി ഇം​ഗ്ലീ​ഷി​ൽ ‘ആ​ർ’ എ​ന്ന അ​ക്ഷ​ര​മു​ള്ള മോ​തി​രം ഭാ​ഗ്യ​രാ​ജ് എ​ന്നും അ​ണി​ഞ്ഞി​രു​ന്നു. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​നാ​യി​ക പൂ​ർ​ണി​മ പി​ന്നീ​ടാ​ണ് ഭാ​ഗ്യ​രാ​ജി​ന്‍റെ ഭാ​ര്യ​യാ​കു​ന്ന​ത്. മ​ക്ക​ൾ ശ​ര​ണ്യ​യും ശാ​ന്ത​നു​വും മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഒ​പ്പം ഭാ​ഗ്യ​രാ​ജും. ദി​ലീ​പ് ചി​ത്രം "മി​സ്റ്റ​ർ മ​രു​മ​ക​നി'​ൽ പ്ര​ധാ​ന വേ​ഷം അ​ഭി​ന​യി​ക്കാ​ൻ ക്ഷ​ണി​ച്ച​തി​ന്‍റെ ന​ന്ദി കൊ​ണ്ടാ​ണ് അ​ക്കൊ​ല്ലം ദി​ലീ​പി​ന്, ഭാ​ഗ്യ​രാ​ജ് ചെ​യ​ർ​മാ​നാ​യ ജൂ​റി മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ന​ൽ​കി​യ​തെ​ന്നു ചെ​റി​യൊ​രു അ​പ​വാ​ദ​മു​ണ്ടാ​യി. ഒ​രു​പ​ക്ഷേ, ഭാ​ഗ്യ​രാ​ജ് ത​ന്‍റെ സി​നി​മാ​ജീ​വി​ത​ത്തി​ൽ കേ​ട്ട ഏ​ക അ​പ​ഖ്യാ​തി​യും ഇ​താ​വാം.

Latest News

Corehub Up